സി പി എം: കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിനുപിറകേ ഒന്നായുള്ള മുന്‍ എംപിമാരുടെ കൊഴിഞ്ഞുപോക്ക് സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ ഗൌരവകരമായി കാണേണ്ട ഒന്നാണ്.മഹത്തായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിത്തറയില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. മാര്‍ക്സിസമെന്നാല്‍ ഒത്തുതീര്‍പ്പില്ലാത്ത ആദര്‍ശം തന്നെയാണ്. എന്നാല്‍ മാര്‍ക്സിസത്തെയും റിവിഷനിസത്തെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നിടത്താണ് പാര്‍ട്ടിയുടെ പതനം ആരംഭിക്കുന്നത്.
പാര്‍ലമെന്ററി ജനാധിപത്യ അധികാരം നിലനിര്‍ത്തുന്നതിനായി പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കാനാരംഭിച്ചിട്ട് ഏറെ നാളുകളായി. ആദര്‍ശങ്ങള്‍ക്കുപരിയായി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാറുള്ള അടവുനയങ്ങള്‍, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തത്വശാസ്ത്രങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന പ്രവണതകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള തിരിച്ചടികളാണ് സിപിഎം എന്ന പ്രസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. ഏറ്റവുമൊടുവിലായി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മതവിശ്വാസത്തിന്റെ കാര്യമെടുത്താലും ഇക്കാര്യം വ്യക്തമാണ്.
പല നേതാക്കളുടെയും വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നതാണ്. പാര്‍ട്ടി പല കാലങ്ങളിലായി അതിന്റെ ആശയത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിക്കുറയ്ക്കലുകളോ ആണ് ഇത്തരത്തിലുള്ള വിരുദ്ധനിലപാടുകള്‍ക്ക് കാരണം. മനുഷ്യസത്തയുടെ മിഥ്യയായ സാക്ഷാത്കാരം മാത്രമാണ് മതമെന്നും സത്യമായ ഒരു യാഥാര്‍ത്ഥ്യം അതിനില്ലെന്നും മാര്‍ക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസത്തിലൂന്നിയ ഒരു കമ്മ്യൂണിസത്തെപ്പറ്റി മാര്‍ക്സ് ഒരിടത്തുപോലും പറയുന്നില്ലെന്ന് മാത്രമല്ല സമൂഹത്തില്‍ മതത്തിന്റെ ഇടപെടലുകളെ ചെറുത്തു നില്‍ക്കണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.
എന്നാല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അഭിനവശിഷ്യന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നത് എന്തുകൊണ്ടാണ്. മാര്‍ക്സിസത്തിന് മതത്തോട് എതിര്‍പ്പില്ലെന്നും വര്‍ഗ്ഗീയതയെയും മതമൌലികവാദത്തെയുമാണ് പാര്‍ട്ടി എതിര്‍ക്കുന്നതുമെന്ന പിണറായി അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ മാര്‍ക്സിന്റെയും ലെനിന്റെയും തത്വങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.
മതത്തെയും വിശ്വാസത്തെയും ജാതിയെയും മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കു മുന്നേറാനാവില്ലെന്ന് ഒരുപക്ഷേ നേതാക്കള്‍ നേരത്തെ മനസ്സിലാക്കിയിരിക്കാം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളില്‍ സമുദായസംഘടനകളുടെ ആസ്ഥാനങ്ങളിലും അരമനകളിലും കയറിയിറങ്ങി കൃഷ്ണനും ക്രിസ്തുവുമെല്ലാം കമ്മ്യൂണിസ്റ്റ് വിരോധികളല്ലെന്ന് അവര്‍ വിശ്വസിപ്പിച്ചു .
ഫലത്തില്‍ രാഷ്ട്രീയമായി ചില താത്കാലിക ലാഭങ്ങളുണ്ടാക്കാനായെന്നത് ശരി തന്നെ. എന്നാല്‍ അതേ ആയുധം സ്വന്തം നേര്‍ക്ക് പാഞ്ഞടുക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നു
പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിന് തെറ്റായി തോന്നുന്ന കാര്യങ്ങള്‍ താഴെത്തട്ടിലേക്കെത്തുമ്പോഴേക്കും ശരിയായി പരിണമിക്കുന്ന പ്രതിഭാസത്തിന് കാരണവും കാലാകാലങ്ങളായി ചില കോണുകളില്‍ നിന്നുയരുന്ന അവസരവാദ നിലപാടുകള്‍ തന്നെയാണ്. മതരാഷ്ട്രീയമെന്ന ആശയം മതേതര രാഷ്ട്രീയത്തോടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.
സി പി എമ്മിന്റെ ഭാവിയെന്ത് ?
സിപിഎമ്മിന്റെ തണലില്‍ ഭരണത്തിലേറി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്നീടൊരവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം പാര്‍ട്ടി വിട്ടിറങ്ങിയവരാണ് അബ്ദുള്ളക്കുട്ടി മുതല്‍ എസ് ശിവരാമന്‍ വരെയുള്ളവര്‍. മലയോര ജില്ലയില്‍ നിന്നുള്ള ഒരു എംഎല്‍എ കൂടി രാജിക്കൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. സ്ഥാനമാനങ്ങള്‍ തേടിപ്പോകുന്ന ഇത്തരം അബ്ദുള്ളക്കുട്ടിമാരെ എന്തിനാണ് പാര്‍ട്ടി ഇതുവരെ ചുമന്നുകൊണ്ടു നടന്നത്? മലബാര്‍മേഖലയില്‍ മുസ്‌ലിം വിശ്വാസികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്നത് . പാര്‍ട്ടിയുടെ ആശയസംഹിതകളെ മറികടന്നുകൊണ്ടുള്ള ഒരു അടവുനയത്തിന്റെ ഭാഗമായിരുന്നു ഇതും. പക്ഷേ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്കുള്ളിലും തന്റേതായ ആദര്‍ശങ്ങളും വിശ്വാസങ്ങളും തുടരുകയാണ് ചെയ്തത്.
അബ്ദുള്ളക്കുട്ടിയുടെ കാഴ്ചപ്പാടുകളോട് നേരത്തെ തന്നെ തനിക്ക് വിയോജിപ്പുണ്ടായിരുന്നതായും എന്നാല്‍ ചില പരിമിതികള്‍ പ്രതികരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. നേതൃത്വം കല്‍പ്പിക്കുന്ന ആശയവ്യതിയാനത്തിന്റെ അടിച്ചേല്‍പ്പിക്കലുകളെ തെറ്റെന്നറിഞ്ഞിട്ടും അംഗീകരിക്കേണ്ടി വരുന്ന മാര്‍ക്സിസ്റ്റ് അനുയായികളുടെ ദുരവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്.
രാഷ്ട്രീയനേട്ടങ്ങള്‍ക്കായി അതത് മേഖലകളില്‍ ഭൂരിപക്ഷം നില്‍ക്കുന്ന മത,സമുദായ വിഭാഗങ്ങളെ കൂടെ കൂട്ടുന്ന പാര്‍ട്ടി, പക്ഷേ അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം.
ആലപ്പുഴയില്‍ കെ എസ് മനോജിന്റെയും എറണാകുളത്ത് സെബാസ്ററ്യന്‍ പോളിന്റെയും കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ യുവജനവിഭാഗം നേതാവായിരിക്കെയാണ് മനോജ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കെത്തിച്ചേരുന് നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എക്കാലവും അപ്രാപ്യമായിരുന്ന ഇരുമണ്ഡലങ്ങളും നേടിയെടുക്കാന്‍ ഇരുവരെയും സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നും അല്ലാതെയും തങ്ങളുടെ മതഭക്തി വെളിപ്പെടുത്താന്‍ ഇവര്‍ പ്രത്യേക ശ്രദ്ധകാട്ടി. സഭയുമായുള്ള നല്ലൊരു ബന്ധത്തിനാണ് പാര്‍ട്ടി എക്കാലത്തും തന്നെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നുള്ള സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍ മതത്തെകൂടി പാര്‍ട്ടിയുടെ ആശയസംഹിതയില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒരു വിഫലശ്രമമായിരുന്നു.
രാഷ്ട്രീയമോ മതമോ ഏതുവേണമെങ്കിലും മാറിമാറി ഉപയോഗപ്പെടുത്താമെന്ന ഡ്യുവല്‍ ഓപ്ഷനും ഇതിലൂടെ ഉന്നമിടുന്നുണ്ട്. ഭരണം നഷ്ടമായ ഇവരെ കൂടെ നിര്‍ത്താന്‍ മാത്രം പോന്ന ആശയസമ്പന്നത സിപിഎമ്മിന് ഇല്ലെന്നത് വാസ്തവമാണ്.
രാഷ്ട്രീയപരമായി പാര്‍ട്ടിക്കൊപ്പമായിരുന്നെങ്കിലും ജീവിതത്തില്‍ മാര്‍കിസ്റ്റുകളല്ലാതിരുന്നവരാണ് ഇറങ്ങിപ്പോയിരിക്കുന്ന എല്ലാ മുന്‍ എംപിമാരും എന്ന കാര്യം ശ്രദ്ധിക്കുക. ഭരണതലങ്ങളില്‍ പ്രാതിനിധ്യമോ സ്ഥാനമാനങ്ങളോ ഇല്ലാതെ പാര്‍ട്ടി ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടു പോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാഞ്ഞതും അതുകൊണ്ട് തന്നെയാണ്.
അബ്ദുള്ളക്കുട്ടിയും മനോജും മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിക്ക് പുറത്തേക്കു ചാടിയതെങ്കില്‍ ശിവരാമന്റേത് പാര്‍ട്ടിയിലെ നേതാക്കളുടെ ആഡംബരത്തോടുള്ള എതിര്‍പ്പായിരുന്നു. ആ ശിവരാമന്‍ തന്നെയാണ് ആര്‍ഭാടത്തിനും അച്ചടക്കമില്ലായ്മയ്ക്കും പേരുകേട്ട കോണ്‍ഗ്രസ്സില്‍ ചേരാനൊരുങ്ങുന്നതെന്നത് വൈരുധ്യമായിരിക്കാം. അല്ലെങ്കില്‍ തന്നെ സിപിഎം നേതൃത്വത്തിന്റെ മാര്‍ക്സിസ്റ്റു വിരുദ്ധ സമീപനത്തോട് വിയോജിച്ച് കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നതില്‍ എന്ത് രാഷ്ട്രീയ മാന്യതയാണുള്ളത്.
രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന അബ്ദുള്ളക്കുട്ടിയെയും മനോജിനെയും പോലുള്ളവര്‍ മൌലികമായ അടിസ്ഥാനതത്വങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് സിപിഎമ്മിനെ പോലൊരു പേരുകേട്ട ജനാധിപത്യപാര്‍ട്ടിയോടാണ്. ഗൌരി അമ്മയും എംവി രാഘവനും മുതല്‍ പാര്‍ട്ടിവിട്ടിറങ്ങിയവര്‍ ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യത്തിനാണ് പുതിയ കുട്ടികള്‍ മുറവിളി കൂട്ടുന്നത്. ഒരുപക്ഷേ മുമ്പ് ചെയ്തുപോയ ചില എടുത്തുചാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്ക് കിട്ടിയ ശിക്ഷ കൂടിയാകാം ഇത്.
ടി കെ ഹംസയെയും ചെറിയാന്‍ ഫിലിപ്പിനെയുമെല്ലാം ഉപയോഗിച്ച് കോണ്‍ഗ്രസ്സിനെ അടിച്ച അതേ വടികൊണ്ട് തന്നെ ശിവരാമന്റെയും അബ്ദുള്ളക്കുട്ടിയുടെയും രൂപത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്.
നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹം മൂലം പാര്‍ട്ടി രോഗാതുരമാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതിബദ്ധതയും വര്‍ഗ്ഗബോധവുമെല്ലാം സ്വയം ബലികഴിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിത്തുടങ്ങുന്നതിന്റെ സൂചന കൂടിയാണിത്. കാള്‍ മാക്സ് സ്ഥാപിച്ചതും ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രയോഗത്തില്‍ വരുത്തിയതുമായ ക്ളാസിക്കല്‍ കമ്മ്യൂണിസത്തിന്റെ കാലം അവസാനിച്ചെന്നാണ് പുത്തന്‍ പണക്കാരുടെയും തിരുത്തല്‍വാദികളുടെയും കണ്ടെത്തല്‍.
അക്രമത്തിന്റ പാത ഉപേക്ഷിച്ച് ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ വിപ്ളവം വിജയിപ്പിച്ചെടുത്ത ചരിത്രമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമാന സമീപനം മതത്തിന്റെ കാര്യത്തിലും ആകാമെന്ന് ഇവര്‍ വാദിക്കുന്നു. എന്തായാലും രോഗമെന്തെന്ന് കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഏറെ നിര്‍ണായകമാകുന്നത് അതിനുള്ള ചികിത്സയാണ്. അത്തരമൊരു അഴിച്ചുപണി സാധ്യമാകുന്ന കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്യം വന്നുകഴിഞ്ഞോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം

No comments:
Post a Comment