Friday, March 19, 2010

എഴുപത് പിന്നിടുന്ന ടോമും ജെറിയും

കുട്ടികള്‍ മാത്രമല്ല വലിയവരില്‍ നല്ലൊരു ഭാഗവും ഇന്ന് ‍ടോമിന്‍റെയും ജെറിയുടെയും കടുത്ത ആരാധകരാണ്. എന്നാല്‍ ഇവര്‍ക്ക് എത്ര വയസായെന്നു ആരെങ്കിലും ഇതു വരെ ചിന്തിച്ചിട്ടുണ്ടോ ? നിത്യ യൌവ്വനക്കാരായി ദിവസവും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്ന ഇവര്‍ക്ക് ഈ വര്‍ഷം എഴുപത് തികയുകയാണ് .

1940 മുതലാണ് പ്രായഭേദമന്യേ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ എലിയും , അവനെ ഉപദ്രവിക്കാന്‍ എപ്പോഴും പിന്നാലെ തന്നെയുള്ള പൂച്ചയും സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് .
വില്യം ഹാന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്നാണ് എം
. ജി. എം സ്റ്റുഡിയോക്കു വേണ്ടി ടോം എന്ന പൂച്ചയെയും ജെറി എന്ന കുസൃതിക്കാരനായ എലിയെയും സൃഷ്ടിക്കുന്നത്. ഇവര്‍ തമ്മിലുള്ള കോമിക് വയലന്‍സായിരുന്നു കാര്‍ടൂണിന്റെ പ്രധാന വിഷയം. കുട്ടികളെ ലക്ഷ്യമിട്ട് തുടങ്ങിയ കാര്‍ട്ടൂണിന് പിന്നീടു പ്രധാന ആരാധകര്‍ മുതിര്‍ന്നവരായി മാറി . പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജെറി എന്നും ടോമിന് തലവേദനയായിരുന്നു. ജെറിയ്ക്കിട്ട്് പണിയുന്ന ഓരോ പണിയും ടോമിന് തന്നെ തിരിച്ചു കിട്ടുമ്പോള്‍ തലകുത്തി നിന്ന് ചിരിയ്ക്കുകയാകും ലോകമെമ്പാടുമുള്ള കുട്ടി പ്രേക്ഷകര്‍ .


കാര്യം ടോമും ജെറിയും എപ്പോഴും ഇടിയാണെങ്കിലും വഴക്കൊഴിയാത്ത
ഇവരുടെ ജീവിതത്തില്‍ സൌഹൃദത്തിനും എന്നും സ്ഥാനമുണ്ടായിരുന്നു. പൊ
തു ശത്രുവിനെ നേരിടാന്‍ ഇവര്‍ ഒന്നിക്കുന്നത് രസകരമായ ഒരു കാഴ്ച്ച തന്നെയാണ് . തിരക്കഥയിലും സംവിധാനത്തിലും ഈ കാര്‍ടൂണ്‍ പരിപാടി ഏറെ മികവു പുലര്‍ത്തുന്നുണ്ട് .അസാമാന്യ ടൈമിംഗാണ് ടോം ആന്റ് ജെറിയുടെ മറ്റൊരു ആകര്‍ഷകഘടകം. മനുഷ്യര്‍ ആരും തന്നെ ഇവരുടെ ലോകത്ത് കടന്നു വരുന്നില്ല. ടോമിന്റെ മുതലാളിയുടെ കാലുകള്‍ മാത്രമാണ് വല്ലപ്പോഴും കാണിക്കുന്നത്.

കാ
ര്‍ട്ടൂണ്‍ ചിത്രവിഭാഗത്തില്‍ ഏഴു തവണ മികച്ച ചെറു ചിത്രത്തിനുള്ള ഓസ്കാര്‍ ‍ടോം ആന്റ് ജെറിയെ തേടിയെത്തിയിട്ടുണ്ട് . 2000 ല്‍ ടൈം മാഗസിന്‍ ലോകത്തെ മികച്ച ടെലിവിഷന്‍ സീരീസില്‍ ഒന്നായി ടോം ആന്റ് ജെറിയെ തിരഞ്ഞെടുക്കുകയുണ്ടായി. കാര്‍ട്ടൂണ്‍ മേഖല കൈയ്യടക്കാനായി പിന്നീട് പലരും രംഗത്തെത്തിയെങ്കിലും ടോം ആന്റ് ജെറിയുടെ സ്ഥാനം ഇന്നും ഒന്നാമതായി തുടരുകയാണ്. ടൈം വാര്‍ണരാണ് ടോമിന്റെയും ജെറിയുടെയും ഇപ്പോഴത്തെ അവകാശി . പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ എഴുപത് പിന്നിട്ടെങ്കിലും അതിന്‍റെ വിഷമതകളൊന്നും ഇവര്‍ക്ക് ഇല്ല കേട്ടോ.. വരും തലമുറകളെയും ഇവര്‍ ചിരിപ്പിച്ചും .ചിന്തിപ്പിച്ചും കൊണ്ടേയിരിക്കും എന്നത് തീര്‍ചയാണ്. ..





Thursday, March 11, 2010

തട്ടേക്കാടേയ്ക്ക് ഒരു യാത്ര

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് തട്ടേക്കാട്. കിളിക്കൊഞ്ചല്‍നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷവലയം കാതുകളില്‍ നവ്യമായ അനൂഭൂതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ ഡോ.സലിം അലിയാണ് കേരളത്തിലെ ഈ പ്രഥമ പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടികാട്ടിയത്.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴറേഞ്ചിലെ മലയറ്റൂര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 25 ചതുരക്ര കി. മീറ്ററാണ് വിസ്തീര്‍ണ്ണം. ഇവിടെ 235 തരം പക്ഷികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ ദേശാടന പക്ഷികള്‍ വേറെയും. പക്ഷികളെ കൂടാതെ വന്യ ജീവികളും ഇഴജന്തുക്കളും തട്ടേക്കാട് വനത്തില്‍ അന്തേവാസികളായുണ്ട്. വിവിധയിനം പക്ഷികളെ സ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും
തട്ടേക്കാട്ടിലുണ്ട്. തട്ടേക്കാട് വനത്തിന് ചുറ്റുമായി ശൂദ്ധമായ തടാകം ഒഴുകുന്നു. ഇതിലൂടെ ബോട്ടിംഗ് സര്‍വ്വീസ് നടത്താനുളള സൌകര്യവും ഒരുക്കിയിട്ടുണ്ട്. വനങ്ങള്‍ ചുറ്റിയുളള ബോട്ട് യാത്ര ദിനംപ്രതി ടൂറിസ്റുകളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. തടാകത്തിലൂടെ കി. മീറ്ററുകള്‍ താഴോട്ട് സഞ്ചരിച്ചാല്‍ മറ്റൊരു ടൂറിസ്റു കേന്ദ്രമായ ഭൂതത്താന്‍ കെട്ടിലെത്തിച്ചേരും. വംശനാശ ഭീക്ഷണി നേരിടുന്ന അപൂര്‍വ്വയിനം ജീവികളും തട്ടേക്കാട്ടിലുണ്ട്. കിളികൊഞ്ചലുകളുടെ സ്വൈരവിഹാരം നിറഞ്ഞ ഈ സങ്കേതം കേരളത്തിന്റെ ടൂറിസ്റു മേഖലയിലെ അപൂര്‍വ്വ സ്വത്തുക്കളില്‍ ഒന്നാണ്.

-

Tuesday, March 9, 2010

കോട്ടയത്ത്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ വരുന്നു



കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്‌ ഇനി എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോയി ക്യൂനില്‍ക്കേണ്ടതില്ല. ഇന്ത്യയില്‍ പുതുതായി ആരംഭിക്കുന്ന 16 പാസ്‌പോര്‍ട്ട്‌ ഓഫീസുകളിലൊന്ന്‌ കോട്ടയത്തായിരിക്കും. ഗുഡ്‌ഗാവ്‌ , വിജയവാഡ, തിരുപ്പതി, ഹൂബ്ലി, ധാര്‍വാഡ്‌, മംഗലാപുരം, ബറോഡ, രാജ്‌കോട്ട്‌, ഹോഷിയാര്‍പൂര്‍, ലുധിയാന, അംബാല, വാരാണസി, കാണ്‍പൂര്‍, ജോധ്‌പൂര്‍, സിക്കര്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ്‌ കോട്ടയത്തും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ആരംഭിക്കുക.
പുതുതായി ആരംഭിക്കുന്ന പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ പാസ്‌പോര്‍ട്ട്‌ സേവാ' ഓഫീസുകള്‍ എന്നാണ്‌ അറിയപ്പെടുക. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്‌തമായാണ്‌ പുതിയ ഓഫീസുകളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നടത്തുക.
പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭിക്കും. തത്‌കാല്‍ പദ്ധതിയില്‍ അപേക്ഷിച്ചാല്‍ ആ ദിവസം വൈകിട്ടുതന്നെ പാസ്‌പോര്‍ട്ട്‌ ലഭിക്കും. ഇപ്പോള്‍ സാധാരണ നിലയില്‍ 35-45 ദിവസം വേണം പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍. തത്‌കാലിലൂടെയാണെങ്കില്‍ 7 ദിവസവും വേണം.
ബംഗ്ലൂരിലെ ഓഫീസില്‍ നിന്നാണ്‌ ഇ - ഗവേണന്‍സ്‌ വഴി പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളെ നിയന്ത്രിക്കുക. സെന്‍ട്രലൈസ്‌ഡ്‌ ഐ.ടി സിസ്‌റ്റം ഇവിടെയാണ്‌ കേന്ദ്രീകൃതമാവുക എന്നു ചുരുക്കം. അപേക്ഷകരുടെ വിരലടയാളം പോലും ഇവിടെ പരിശോധിക്കപ്പെടും. അപേക്ഷയുടെ വിവരങ്ങള്‍, എന്ന്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കും എന്നിവ എസ്‌.എം.എസിലൂടെ അപേക്ഷകന്‌ മൊബൈലില്‍ ലഭിക്കുകയും ചെയ്യും. കൂടാതെ 17 ഭാഷകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും ബാംഗ്ലൂരിലുണ്ടാവും.
വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയാണ്‌ പദ്ധതിയുടെ സൂത്രധാരന്‍. ഐ.ടി കാര്യങ്ങളില്‍ തല്‍പ്പരനും ഐ.ടി സിറ്റിയായ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്നയാളുമാണ്‌ കൃഷ്‌ണ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ പാസ്‌പോര്‍ട്ടിന്‍െറ ചുമതലകള്‍ ഏല്‌പിക്കുമ്പോള്‍ അപേക്ഷകരെ സംബന്‌ധിക്കുന്ന രഹസ്യവിവരങ്ങള്‍ ചോരാന്‍ ഇടയാകില്ലേ എന്ന ചോദ്യത്തിന്‌ ഡാറ്റകള്‍ ടാറ്റയ്‌ക്ക്‌ കൈമാറില്ലെന്നായിരുന്നു കൃഷ്‌ണയുടെ മറുപടി. പക്ഷേ, പുതിയ സിസ്‌റ്റം നിലവില്‍ വരുമ്പോള്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിലെ പല ജീവനക്കാര്‍ക്കും ജോലിയില്ലാതാകുമെന്നുള്ള സ്‌ഥിതിയുണ്ട്‌. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ മുറുമുറുപ്പ്‌ തുടങ്ങികഴിഞ്ഞു.
കോട്ടയത്തെയും മറ്റും ഓഫീസുകള്‍ എന്നു തുടങ്ങുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബാംഗ്ലൂരിലെ കേന്ദ്രീകൃത ഐ.ടി ഓഫീസിലെ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു.

Wednesday, March 3, 2010

ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയെന്നു സച്ചിന്‍

മുംബയ്: പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും അതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അത് വിധിക്ക് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധ ക്രിക്കറ്റിലാണ്. മുന്‍താരങ്ങളായ അജിത് വഡേക്കര്‍, കപില്‍ദേവ്, ദിലീപ് വെംഗ്സാര്‍ക്കര്‍ തുടങ്ങിയവര്‍ സച്ചിന് ഭാരതരത്നം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ താരതമ്യങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് ബ്രാഡ്മാനെക്കാളും മികവ് സച്ചിനാണെന്നുള്ള മുന്‍താരങ്ങളുടെ അഭിപ്രായത്തെക്കുറിച്ച് സച്ചിന്‍ പറഞ്ഞു. ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ സച്ചിന്‍ അഭിനന്ദിച്ചു.

ഒരു നാള്‍ വരുന്നു ....


ഉദയനാണ് താരത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ഒരു നാള്‍വരും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. നിഷ്ക്കളങ്കനായ ഒരു ഗ്രാമീണന്റെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അഴിമതിക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് ശ്രീനിവാസന്റേത്. മലയോരഗ്രാമത്തില്‍ നിന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി നഗരത്തിലെത്തുന്ന മോഹന്‍ലാലിന് ഒരു വീടുവെയ്ക്കുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ ഇതിവൃത്തം.

വീടുവെയ്ക്കുന്നതിനുള്ള അനുമതി നല്‍കാതെ പ്ളാനിംഗ് ഓഫീസര്‍ നായകനെ വട്ടം കറക്കുന്ന രംഗങ്ങളും നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് ഗ്ളാമര്‍ താരം സമീറ റെഡ്ഡിയാണ് ചിത്രത്തിലെ നായിക . ലാലു അലക്സ്, സിദ്ധിഖ്,നെടുമുടി വേണു, ദേവയാനി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോര്‍പ്പറേഷന്‍ ഡ്രൈവറായ ഗിരിജന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ടി.കെ. രാജീവ് കുമാറാണ് ഒരു നാള്‍ വരും സംവിധാനം ചെയ്യുന്നത്. സംഗീതം എം ജി ശ്രീകുമാര്‍. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

വെള്ളാനകളുടെ നാടിനുശേഷം ശ്രീനിവാസനും മണിയന്‍പിള്ളയും ഒന്നിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലാലും ശ്രീനിയും ഒന്നിക്കുന്ന ബ്രേക്കിംഗ് ന്യൂസ് എന്നൊരു ചിത്രത്തിന് രാജീവ് കുമാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിയ്ക്കുകയായിരുന്നു. ഒരു നാള്‍ വരും ആഗസ്റില്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
.