
ഉദയനാണ് താരത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ഒരു നാള്‍വരും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. നിഷ്ക്കളങ്കനായ ഒരു ഗ്രാമീണന്റെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അഴിമതിക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് ശ്രീനിവാസന്റേത്. മലയോരഗ്രാമത്തില്‍ നിന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി നഗരത്തിലെത്തുന്ന മോഹന്‍ലാലിന് ഒരു വീടുവെയ്ക്കുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ ഇതിവൃത്തം.
വീടുവെയ്ക്കുന്നതിനുള്ള അനുമതി നല്‍കാതെ പ്ളാനിംഗ് ഓഫീസര്‍ നായകനെ വട്ടം കറക്കുന്ന രംഗങ്ങളും നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് ഗ്ളാമര്‍ താരം സമീറ റെഡ്ഡിയാണ് ചിത്രത്തിലെ നായിക . ലാലു അലക്സ്, സിദ്ധിഖ്,നെടുമുടി വേണു, ദേവയാനി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോര്‍പ്പറേഷന്‍ ഡ്രൈവറായ ഗിരിജന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ടി.കെ. രാജീവ് കുമാറാണ് ഒരു നാള്‍ വരും സംവിധാനം ചെയ്യുന്നത്. സംഗീതം എം ജി ശ്രീകുമാര്‍. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
വെള്ളാനകളുടെ നാടിനുശേഷം ശ്രീനിവാസനും മണിയന്‍പിള്ളയും ഒന്നിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലാലും ശ്രീനിയും ഒന്നിക്കുന്ന ബ്രേക്കിംഗ് ന്യൂസ് എന്നൊരു ചിത്രത്തിന് രാജീവ് കുമാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിയ്ക്കുകയായിരുന്നു. ഒരു നാള്‍ വരും ആഗസ്റില്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:
Post a Comment