Tuesday, March 9, 2010

കോട്ടയത്ത്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ വരുന്നു



കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്‌ ഇനി എറണാകുളം പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോയി ക്യൂനില്‍ക്കേണ്ടതില്ല. ഇന്ത്യയില്‍ പുതുതായി ആരംഭിക്കുന്ന 16 പാസ്‌പോര്‍ട്ട്‌ ഓഫീസുകളിലൊന്ന്‌ കോട്ടയത്തായിരിക്കും. ഗുഡ്‌ഗാവ്‌ , വിജയവാഡ, തിരുപ്പതി, ഹൂബ്ലി, ധാര്‍വാഡ്‌, മംഗലാപുരം, ബറോഡ, രാജ്‌കോട്ട്‌, ഹോഷിയാര്‍പൂര്‍, ലുധിയാന, അംബാല, വാരാണസി, കാണ്‍പൂര്‍, ജോധ്‌പൂര്‍, സിക്കര്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ്‌ കോട്ടയത്തും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ആരംഭിക്കുക.
പുതുതായി ആരംഭിക്കുന്ന പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ പാസ്‌പോര്‍ട്ട്‌ സേവാ' ഓഫീസുകള്‍ എന്നാണ്‌ അറിയപ്പെടുക. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്‌തമായാണ്‌ പുതിയ ഓഫീസുകളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നടത്തുക.
പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭിക്കും. തത്‌കാല്‍ പദ്ധതിയില്‍ അപേക്ഷിച്ചാല്‍ ആ ദിവസം വൈകിട്ടുതന്നെ പാസ്‌പോര്‍ട്ട്‌ ലഭിക്കും. ഇപ്പോള്‍ സാധാരണ നിലയില്‍ 35-45 ദിവസം വേണം പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍. തത്‌കാലിലൂടെയാണെങ്കില്‍ 7 ദിവസവും വേണം.
ബംഗ്ലൂരിലെ ഓഫീസില്‍ നിന്നാണ്‌ ഇ - ഗവേണന്‍സ്‌ വഴി പാസ്‌പോര്‍ട്ട്‌ സേവാ ഓഫീസുകളെ നിയന്ത്രിക്കുക. സെന്‍ട്രലൈസ്‌ഡ്‌ ഐ.ടി സിസ്‌റ്റം ഇവിടെയാണ്‌ കേന്ദ്രീകൃതമാവുക എന്നു ചുരുക്കം. അപേക്ഷകരുടെ വിരലടയാളം പോലും ഇവിടെ പരിശോധിക്കപ്പെടും. അപേക്ഷയുടെ വിവരങ്ങള്‍, എന്ന്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കും എന്നിവ എസ്‌.എം.എസിലൂടെ അപേക്ഷകന്‌ മൊബൈലില്‍ ലഭിക്കുകയും ചെയ്യും. കൂടാതെ 17 ഭാഷകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും ബാംഗ്ലൂരിലുണ്ടാവും.
വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയാണ്‌ പദ്ധതിയുടെ സൂത്രധാരന്‍. ഐ.ടി കാര്യങ്ങളില്‍ തല്‍പ്പരനും ഐ.ടി സിറ്റിയായ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്നയാളുമാണ്‌ കൃഷ്‌ണ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ പാസ്‌പോര്‍ട്ടിന്‍െറ ചുമതലകള്‍ ഏല്‌പിക്കുമ്പോള്‍ അപേക്ഷകരെ സംബന്‌ധിക്കുന്ന രഹസ്യവിവരങ്ങള്‍ ചോരാന്‍ ഇടയാകില്ലേ എന്ന ചോദ്യത്തിന്‌ ഡാറ്റകള്‍ ടാറ്റയ്‌ക്ക്‌ കൈമാറില്ലെന്നായിരുന്നു കൃഷ്‌ണയുടെ മറുപടി. പക്ഷേ, പുതിയ സിസ്‌റ്റം നിലവില്‍ വരുമ്പോള്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിലെ പല ജീവനക്കാര്‍ക്കും ജോലിയില്ലാതാകുമെന്നുള്ള സ്‌ഥിതിയുണ്ട്‌. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ മുറുമുറുപ്പ്‌ തുടങ്ങികഴിഞ്ഞു.
കോട്ടയത്തെയും മറ്റും ഓഫീസുകള്‍ എന്നു തുടങ്ങുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബാംഗ്ലൂരിലെ കേന്ദ്രീകൃത ഐ.ടി ഓഫീസിലെ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു.

1 comment: